SEARCH


Raktha Chamundi Theyyam - രക്ത ചാമുണ്ഡി തെയ്യം

Raktha Chamundi Theyyam - രക്ത ചാമുണ്ഡി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Raktha Chamundi Theyyam - രക്ത ചാമുണ്ഡി തെയ്യം

വിശ്വാസപരമായ ഐതീഹ്യം: ക്രോധവതി എന്ന അസുരൻ്റെ മകനാണ് രക്തബീജാസുരൻ. ശുംഭ നിശുംഭന്മാരുമായി യുദ്ധം ചെയ്യുന്ന സമയത്ത് രക്ത ബീജാസുരൻ ചണ്ഡികാദേവിയോട് ഏറ്റുമുട്ടി ഓരോ തുള്ളി ചോരയിൽ നിന്നും അനേകം അസുരന്മാർ ഉണ്ടായി. എന്തു ചെയ്യേണ്ടു അറിയാതെ ക്രോധം കൊണ്ട് ജ്വലിച്ച ദേവിയുടെ നെറ്റിത്തടത്തിൽ നിന്ന് നാവു പുറത്ത് ചാഞ്ചാടിക്കൊണ്ടിരിക്കുന്ന വികൃതമായ കറുത്ത മുഖത്തോടു കൂടിയ രൂപം പുറത്തേക്ക് വന്നു, രക്തബീജാസുരൻ്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാതെ കുടിച്ചു വറ്റിച്ചത് കൊണ്ടാണ് രക്തബീജേശ്വരി അഥവാ രക്ത ചാമുണ്ഡി എന്ന പേരുണ്ടായത്.

മൂവാരിമാരുടെ പ്രധാന കുലദേവതയാണ് ഈ ദേവി. മലയന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

മലവെള്ളം പ്രളയം വിതച്ച നാട്ടില്‍ പട്ടിണി നടമാടിയപ്പോള്‍ നാടും നാട്ടു കൂട്ടവും കോലത്തിരി തമ്പുരാനെ വിളിക്കുകയും തമ്പുരാന്‍ അന്നപൂര്‍ണ്ണേശ്വരിയെ മനം നൊന്തു വിളിക്കുകയും ചെയ്തപ്പോള്‍ അമ്മ ദേവിയും ആറില്ലത്തമ്മമാരും കപ്പലില്‍ ആണ്ടാര്‍ വിത്തും ചെന്നല്ല് വിത്തുമായി മലനാട്ടിലെക്ക് വരികയും ആയിരം തെങ്ങില്‍ കടവടുക്കുകയും ചെയ്തു. തമ്പുരാനും പരിവാരങ്ങളും ഇവരെ കരയില്‍ പൂജിചിരുത്തി. ദാഹം തീര്‍ക്കാന്‍ കൊടുത്ത ഇളനീര്‍ പാനം ചെയ്ത ശേഷം തൊണ്ട് വലിച്ചെറിഞ്ഞു പിന്നെ ആ തൊണ്ട് ഉരുണ്ടു വന്ന മുക്കാല്‍ വട്ടം തനിക്കു കുടി കൊള്ളാന്‍ വേണമെന്ന് പറഞ്ഞ അന്നപൂര്‍ണ്ണേശ്വരിക്ക് അങ്ങിനെ ചെറുകുന്നില്‍ ക്ഷേത്രമൊരുങ്ങി. കൂടെ വന്ന ഭഗവതിമാരില്‍ രക്തചാമുണ്ടി പൂജാപൂക്കള്‍ വാരുന്ന മൂവരിമാര്‍ക്ക് പ്രിയങ്കരിയായി അങ്ങനെ അവരുടെ കുലദേവതയായി മാറി എന്നാണു വിശ്വാസം.

ഈ ദേവി ആയിരം തെങ്ങില്‍ ചാമുണ്ഡി എന്നും അറിയപ്പെടുന്നു. രുധിരത്തിനു (രക്തത്തിനു) മുഖ്യ സ്ഥാനം കല്‍പ്പിക്കുന്ന ദേവിയായതിനാല്‍ രുധിര ചാമുണ്ഡി എന്നും ദേവത അറിയപ്പെടുന്നു. നീലങ്കൈ ചാമുണ്ഡി, രക്ത്വേശരി, കുപ്പോള്‍ ചാമുണ്ഡി, ആയിരം തെങ്ങില്‍ ചാമുണ്ഡി, കുട്ടിക്കര ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി, രുധിരക്കാളി, പെരിയാട്ട് ചാമുണ്ഡി, കാരേല്‍ ചാമുണ്ടി, ചാലയില്‍ ചാമുണ്ഡി, പ്ലാവടുക്ക ചാമുണ്ഡി, എ(ഇ)ടപ്പാറ ചാമുണ്ഡി, വീരചാമുണ്ടി എന്നിങ്ങനെ ഈ ദേവതക്ക് നാമ ഭേദങ്ങള്‍ ഉണ്ട്.

ആയിരം തെങ്ങിൽ ചാമുണ്ഡിയുടെ പരിചാരകനായ ഉക്കുന്മൽ തറവാട്ടുകാരണവരുടെ കൂടെ പോയി ആ തറവാട്ടിൽ കുടിയിരുന്നതിനാൽ ഉക്കുന്മൽ ചാമുണ്ഡിയായും ചെറുകുന്ന് അമ്പലച്ചിറക്ക് തൊട്ട് കിഴക്കുള്ള കളരിയിലും ചിറക്ക് തൊട്ട് വടക്ക് പടിഞ്ഞാറ് പുളീരീഴിൽ ചാമുണ്ഡിയായും അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനു മുന്നിലെ വടക്കേടത്ത് ക്ഷേത്രം (ആശാരിക്കോട്ടം) വടക്കേടത്ത് ചാമുണ്ഡിയായും ആരാധിക്കുന്നു. അതുപോലെ കുട്ടിക്കരക്കാവ് (വെങ്ങര) നീലങ്കൈ ചാമുണ്ഡി (കരിവെള്ളൂർ) പങ്ങെടത്ത് (പയ്യന്നൂർ) അങ്കക്കളരി (നീലേശ്വരം) കുതിരക്കാളി (മാവുങ്കാൽ ) ഇല്ലത്ത് മഠം (കൊവ്വപ്പുറം) തായത്ത് ചാമുണ്ഡി (ഒതയമാടം കുന്നിൻ മതിലകത്തിൻ്റെ പടിഞ്ഞാറ്) എ(ഇ)ടപ്പാറ ചാമുണ്ഡി (ഇടപ്പാറ) പെരിയാട്ട് (പിലാത്തറ) ഇതിൻ്റെയെല്ലാം ആരൂഡ സ്ഥാനം ആയിരംതെങ്ങ് ചാമുണ്ഡേശ്വരി ക്ഷേത്രമാണെന്നതാണ് ഐതിഹ്യം

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848